ചാലിയാർ പറഞ്ഞത്, പറയാതിരുന്നതും......!
ഡോ.എം കെ പ്രേമരാജൻ
പശ്ചിമഘട്ടത്തിലെ കുന്തിമലയിൽ നിന്ന് പുറപ്പെടുന്ന സ്വർണ്ണപ്പുഴയും വയനാടൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ചോലപ്പുഴയും നിലമ്പൂർ കാടുകളിൽ വെച്ച് കൂടിച്ചേർന്ന് ചാലിയാർ പുഴയാകുന്നു. കൂടിച്ചേരുന്നതിന് മുമ്പും ശേഷവും ഈ പുഴകളോട് നിരവധി ചെറുപുഴകൾ ചേരുന്നുണ്ട്. ഇവയിൽ പ്രധാനം ചാലിയാറായതിനുശേഷം ഇതിനോട് ചേരുന്ന കണ്ണിപറമ്പ് പുഴയും ഇരുവഴിഞ്ഞിപ്പുഴയുമാണ്. ഇരുവഴിഞ്ഞിപ്പുഴ കൂളിമാട് വെച്ചും കണ്ണിപറമ്പ് പുഴ ഊർക്കടവിൽ വെച്ചും ചാലിയാറിനോട് ചേരുന്നു. നിലമ്പൂർ കാടുകളിൽ തുടങ്ങി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കൂടി ഒഴുകി ബേപ്പൂരിൽ കടലിൽ ചേരുന്നതിനിടയിലുള്ള ദൂരങ്ങളിൽ ഈ പുഴ സമീപവാസികൾക്ക് ജീവിതവും ചരിത്രവും പകർന്നു നൽകുന്നു. മീൻ പിടിച്ചും മണൽ വാരിയും ചകിരി പൂഴ്ത്തിയും ചൂടി പിരിച്ചും ഓല മെടഞ്ഞും പുഴയുടെ ശീതളച്ഛായയിൽ പുഴയോരവാസികൾ അവരുടെ ജീവിതം കെട്ടിപ്പടുത്ത ഒരു കാലമുണ്ടായിരുന്നു. പഴങ്കഥകളും പഴയ ജീവിതശൈലികളും കാഴ്ചകളും ഓർമ്മകളും പുഴയിൽ നിന്നും പുഴയോരവാസികളുടെ മനസ്സിൽ നിന്നും അകന്നു തുടങ്ങുമ്പോഴും അവ നാട്ടറിവുകളായി സൂക്ഷിച്ചു വച്ച കാരണവന്മാർ പുതിയ തലമുറകൾക്ക്, പുഴ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്ന കഥകളിൽ ആ അറിവുകൾ നിറയുന്നു.
പുഴയിലെ കല്ലിൽ വെച്ച ആനച്ചങ്ങല എടുക്കാൻ ഇറങ്ങിയ പാപ്പാൻ ഒഴുക്കിൽപ്പെട്ട കഥയാണ് അവയിലൊന്ന്. ചാലിയാറിലെ ഒഴുക്കിന്റെ ശക്തിയെക്കുറിച്ച് പറയുവാനാണ് ഈ കഥ പറയാറുള്ളത്. ചെമ്പുകടവ് ഭാഗത്ത് ആനയെ കുളിപ്പിക്കുകയായിരുന്ന പാപ്പാന്മാർ മലവെള്ളം വരുന്നതിന്റെ ലക്ഷണം കണ്ട് വേഗം കരയ്ക്ക് കയറി. തിരക്കിനിടയിൽ ആനച്ചങ്ങല ഒരു കല്ലിൽ വെച്ചിരുന്നത് എടുക്കുവാൻ മറന്നു. രണ്ടാം പാപ്പാനായ പണിയൻ ചങ്ങല എടുക്കാൻ വീണ്ടും പുഴയിലേക്ക് ഇറങ്ങി. ചങ്ങല എടുത്ത് കരയ്ക്ക് കയറുന്നതിനുമുമ്പേ അയാൾ ശക്തമായ ഒഴുക്കിൽപ്പെട്ടുപോയി. മലമുകളിൽ കനത്ത മഴ പെയ്യുമ്പോഴാണ് പുഴയിൽ ഇങ്ങനെയുള്ള കുത്തൊഴുക്ക് പെട്ടെന്ന് ഉണ്ടാകുന്നത്. ശക്തമായ അടിയൊഴുക്ക് കാരണം ചാലിയാറിൽ മിക്ക വർഷങ്ങളിലും അപകട മരണം ഉണ്ടാവാറുണ്ട്.
തീരവാസികളിൽ മിക്കവരുടെയും ഉപജീവനമാർഗ്ഗം പുഴയാണ്. മണൽവാരൽ തൊഴിലാളികളും മീൻപിടിച്ച് ജീവിക്കുന്നവരും നിരവധി ഉണ്ട്. പുഴയിൽ ഉപ്പുവെള്ളം ഉണ്ടാകുന്ന സമയത്ത് അത് സമീപസ്ഥലങ്ങളിലേക്ക് തെങ്ങു നനയ്ക്കാൻ മുൻപ് ഉപയോഗിച്ചിരുന്നു. ഒരു മുളയുടെ രണ്ടറ്റത്തുമായി കെട്ടിത്തൂക്കുന്ന ടിന്നിൽ (എണ്ണയുടെയും മറ്റും വലിയ ടിൻ) പുഴവെള്ളം നിറച്ച് അത് തോളിലേറ്റി പറമ്പുകളിലേക്ക് കൊണ്ടുപോകുന്നവരെ അന്ന് പതിവായി കാണാമായിരുന്നു. ചകിരി പൂഴ്ത്തി ചൂടി പിരിക്കുന്നവരുടെയും ഓല വെള്ളത്തിലിട്ട് ചീയുമ്പോൾ മെടഞ്ഞ് വിൽക്കുന്നവരുടെയും ജീവനോപാധി അന്ന് ഈ പുഴ മാത്രമായിരുന്നു. പഴയകാലത്ത് ഫറോക്കിലെ ടൈൽ ഫാക്ടറികളിലേക്കും കല്ലായിയിലെ മരവ്യവസായ കേന്ദ്രത്തിലേക്കും തോണികളും "തെരപ്പ"(ചങ്ങാടം)ങ്ങളും നിരന്തരം പുഴയിലൂടെ പോകാറുണ്ടായിരുന്നു. ബേപ്പൂർ തുറമുഖത്തേക്ക് ചരക്കുമായി പോകുന്ന വലിയ തോണികളും അന്ന് പുഴയെ സജീവമാക്കിയിരുന്നു.
ജൈവവൈവിധ്യം
മാവൂർ ഗ്വാളിയോർ റയോൺസിൽ നിന്നുമുള്ള മലിനജലം ഒരു കാലത്ത് ചാലിയാറിൻ്റെ ശാപമായിരുന്നു. കറുത്ത വിഷജലത്തിൽ അന്ന് പുഴയുടെ ജീവനായിരുന്ന നിരവധി മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു തുടങ്ങി. റയോൺസിൻ്റെ പ്രവർത്തനം നിലച്ചതോടെ ചാലിയാറിലെ വെള്ളത്തിന് മാറ്റേറിയ തിളക്കം കൈവന്നിട്ടുണ്ട്. പുഴയിലെ മത്സ്യങ്ങൾക്കും മീൻപിടുത്തക്കാർക്കും ഇത് അനുഗ്രഹമായിരിക്കുന്നു. കാലവർഷാരംഭത്തിൽ പെയ്യുന്ന കനത്ത മഴ മീനുകൾക്കെന്നപോലെ ചാലിയാറിൻ്റെ തീരവാസികൾക്കും ആഹ്ലാദകരമാണ്. കലങ്ങി മറിഞ്ഞ് ഒഴുകുന്ന മലവെള്ളം പുഴയുടെ അടിത്തട്ടിലെ എക്കലും ചെളിയും അടിച്ച് നീക്കി പുഴയെ വീണ്ടും ജീവസ്സുറ്റതാക്കുന്നു. കലങ്ങിമറിഞ്ഞൊഴുകുന്ന വെള്ളത്തിൽ പുഴമീനുകൾ സമൃദ്ധമായി ഉണ്ടാകും. ഇരിമീൻ, (കരിമീൻ) ,ചെമ്പല്ലി, തിരുത, മാലാൻ, പൂയാൻ(പൂഴാൻ, പൂശാൻ,)ഏരി, വാള, വളോട്, നരിമീൻ, കോലി, ഏട്ട, വാഴപ്പൊത്തൻ, പ്രാച്ചി,കല്ലാക്കീരി, വെള്ളക്കോര, മാന്തൾ വലുതും ചെറുതും, വെട്ടൻ, ആരൽ എന്നിവ ചാലിയാറിലെ പ്രധാന മത്സ്യങ്ങളാണ്. ഇവയിൽ ഇരിമീൻ, വാഴപ്പൊത്തൻ, വെട്ടൻ തുടങ്ങിയവ കരയ്ക്കടുപ്പിച്ചാണ് കൂടുതലായി കാണപ്പെടുന്നത്. ഉപ്പുവെള്ളം ഉണ്ടാകുന്ന സമയത്ത് ചില കടൽമത്സ്യങ്ങളും പുഴയിലുണ്ടാകാറുണ്ട്. ഇവ കൂടാതെ വയലിൽ കാണാറുള്ള കടുങ്ങാലി, വരാൽ, മുഴു തുടങ്ങിയ മീനുകളും ചാലിയാറിൽ കാണപ്പെടുന്നു. സാധാരണ കണ്ടുവരുന്ന ഈ മത്സ്യങ്ങൾക്ക് പുറമേ മലിഞ്ഞിൽ, കടന്ന എന്നിവയെയും അപൂർവമായി കാണാം. ചക്കിട്ടപ്പാറയിലെയും ചെമ്പുകടവിലെയും മേൽമലകളിലെ കുഴികളിൽ നിന്ന് വരുന്ന മഞ്ഞളേട്ട ചാലിയാറിലെ രുചികരമായ മറ്റൊരു മത്സ്യമാണ്. ഔഷധഗുണമുള്ള ഈ മത്സ്യത്തിന് ഇപ്പോൾ വംശനാശം സംഭവിച്ചുകൊണ്ടി രിക്കുകയാണ്. ശുദ്ധജലത്തിൽ മാത്രം കാണാറുള്ള ചെമ്മീനും, കദളി കൊഞ്ചനും (വളരെ വലിയ ചെമ്മീൻ) രുചികരമായ മത്സ്യങ്ങളാണ്. ഇവയും ഇന്ന് എണ്ണത്തിൽ കുറവാണ്.
കവ എറിയുക എന്നൊരു മീൻപിടുത്ത രീതിയുണ്ട്. കൂർത്ത അഗ്രമുള്ള പത്തോളം കമ്പികളാണ് കവ എന്നറിയപ്പെടുന്നത്.
ഓരോന്നിനും ഏകദേശം ഒരു ചെറുവിരലിന്റെ അത്ര വണ്ണമുണ്ടാകും. മീനുകൾ കുടുങ്ങുന്നതിനും കുടുങ്ങിയവ രക്ഷപ്പെ ടാതിരിക്കുവാനും ഈ കമ്പിയുടെ അഗ്രത്തിൽ പ്രത്യേക കൊളുത്തുകളുണ്ട്. ഇരുമ്പ് കൊണ്ടുള്ള ഇതിന്റെ പിടിയിലൂടെ ഒരു കയർ കടത്തി അതിന്റെ ഒരറ്റം കയ്യിൽ കെട്ടിയിടുന്നു. ചൂട്ട് കത്തിച്ച് കാണിച്ച് ഈ കമ്പിക്കൂട്ടം പെട്ടെന്ന് പുഴയിലേക്ക് വലിച്ചെറിയുന്നു. കൂട്ടത്തോടെ പലായനം ചെയ്യുന്ന മത്സ്യങ്ങളിൽ കുറെയെണ്ണം ഈ കമ്പികളിൽ കുടുങ്ങിപ്പോകുന്നു. മീൻപിടുത്തത്തിന് ഉപയോഗിക്കുന്ന കൂടുതൽ പ്രചാരമുള്ള മറ്റൊരു മാർഗം ചൂണ്ടയാണ്. ചൂണ്ടയുടെ തരം അനുസരിച്ച് ഇവയ്ക്ക് നമ്പർ നൽകിയിട്ടുണ്ട്. ഇങ്ങനെ പൂജ്യം മുതൽ 17 വരെയുള്ള നമ്പറുകളാണ് ഉള്ളത്. പൂജ്യം നമ്പർ ചൂണ്ട ഏറ്റവും വലുതും 17 നമ്പർ ചൂണ്ട ഏറ്റവും ചെറുതുമാണ്. ചൂണ്ടയുടെ അഗ്രത്തിൽ ഇരയായി മണ്ണിരയെയോ ചെറിയ ചെമ്മീനുകളെയോ കോർക്കുന്നു. പുഴയുടെ കരയോടടുത്ത ഭാഗങ്ങളിൽ ചെമ്മീൻ കുഞ്ഞുങ്ങളെ ധാരാളം കാണാം. ഒരു പച്ച തെങ്ങോലയുടെ കണ്ണി വളച്ച് കെട്ടി ഈ കൂട്ടത്തിന്റെ നടുവിൽ അമർത്തുന്നു. ഉള്ളിൽ പെടുന്ന ചെമ്മീനുകൾക്ക് രക്ഷപ്പെടാൻ കഴിയില്ല. ഇരയാക്കാനുള്ള ചെമ്മീനുകളെ ഇങ്ങനെയാണ് പിടിക്കുന്നത്. ഇരയെ ചൂണ്ടയുടെ അഗ്രത്തിലുള്ള ഉള്ളിലേക്ക് വളഞ്ഞ കൊളുത്തിൽ കുരുത്ത് അത് പുഴയിൽ താഴ്ത്തിയിടുന്നു. ഇര പിടിക്കുന്ന മത്സ്യത്തിന്റെ തൊണ്ടയിൽ ഈ കൊളുത്ത് കുരുങ്ങുന്നു.
നഞ്ഞ് കലക്കി മീൻ പിടിക്കുന്ന രീതിയും പണ്ട് അപൂർവ്വമായെങ്കിലും നിലവിലുണ്ടായിരുന്നു. ഇപ്പോൾ ആരും ആ മാർഗ്ഗം സ്വീകരിക്കാറില്ല. കൊല്ലക്കായയും മീനുകൾക്ക് പ്രിയങ്കരമായ ഏതെങ്കിലും ഭക്ഷ്യവസ്തുവും പുകയിലയും കൂടി അരച്ച മിശ്രിതവും വെളിച്ചെണ്ണയും ചരൽക്കല്ലും ഇതിൽ ചേർക്കുന്നു. വിഷം പുഴയുടെ അടിവശം വരെ ചെന്നെത്തുവാൻ വേണ്ടിയാണ് ചരൽക്കല്ല് ചേർക്കുന്നത്. ഈ മിശ്രിതം പുഴയിൽ വിതറുന്നു. ഇവ ആർത്തിയോടെ കഴിക്കുന്ന മത്സ്യങ്ങൾ പെട്ടെന്ന് ചത്തുപൊങ്ങുന്നു. ചെറുതും വലുതുമായ നിരവധി മത്സ്യങ്ങൾ ഇങ്ങനെ ചത്തൊടുങ്ങും. കൂട്ടത്തിൽ വലിയവയെ മാത്രം തിരഞ്ഞെടുത്തുപയോഗിക്കുമ്പോൾ ഒട്ടേറെ കുഞ്ഞു മത്സ്യങ്ങൾ കരയിലും പുഴയിലുമായി ചത്തുകിടക്കും. ഇവയെ തിന്നുവാൻ പരുന്തും കാക്കയും മറ്റു പക്ഷികളും പുഴയോരത്ത് നിറയും. നഞ്ഞ് കലക്കിയതാരായാലും അവിടെ എത്തിപ്പെടുന്നവർക്കെല്ലാം ഇഷ്ടംപോലെ മീൻ കിട്ടുമെന്നതാണ് ഈ രീതികൊണ്ടുള്ള നേട്ടം. പക്ഷേ നഞ്ഞ് കലക്കുന്ന പ്രദേശത്തെ മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതുകൊണ്ട് ഇത് ഏറ്റവും ഹിംസാത്മകവും മത്സ്യ സമ്പത്തിന് കനത്ത നഷ്ടം വരുത്തുന്നതുമായ സമ്പ്രദായം ആണ്. ഇത് പോലെ തന്നെ ഹിംസാത്മകമായ രീതിയാണ് ഡൈനാമിറ്റ് വെച്ചുള്ള മീൻപിടുത്തവും. തീര പൊട്ടിച്ചു പിടിക്കുക, തോട്ട് പൊട്ടിക്കുക എന്നൊക്കെ അറിയപ്പെടുന്ന ഈ രീതിയും ഇപ്പോൾ ആരും പ്രയോഗിക്കാറില്ല. ആരെങ്കിലും അതിനു മുതിർന്നാൽ തന്നെ പുഴയോരവാസികൾ അത് നിരുത്സാഹപ്പെടുത്തുകയാണ് പതിവ്.
പഴയകാലത്ത് ആർക്കെങ്കിലും വലിയ മീൻ കിട്ടിയാൽ കരയിലാകെ അതൊരു വലിയ വാർത്തയായിരിക്കും. മാത്രമല്ല അത് മുറിച്ച് അടുത്ത വീടുകളിലേക്ക വീതിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു.
ഞണ്ടിനെ പിടിക്കുന്നതിന് വേറെ ചില രീതികളാണ് പ്രചാരത്തിലുണ്ടായിരുന്നത്. രാത്രികാലങ്ങളിൽ പുഴയിലൂടെ അഗ്രം കൂർത്ത നീളമുള്ള കമ്പുകൊണ്ട് കുത്തി നടന്ന് പിടിക്കുന്നതാണ് ഒന്ന്. ഇതു കൂടാതെ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. സൈക്കിൾ റിങ്ങിനു മുകളിൽ കോരുവല പോലുള്ള വല പിടിപ്പിച്ച് അത് ഞെണ്ടിന്റെ സഞ്ചാരമാർഗ്ഗത്തിൽ സ്ഥാപിക്കുന്നു. ഈ റിങ്ങിനു മുകളിൽ കോഴിയുടെ കുടലും മറ്റും തൂക്കിയിടുന്നു. ഇത് തിന്നുവാൻ വരുന്ന ഞെണ്ട് വലയിൽ അകപ്പെടും. അമാവാസി കാലത്താണ് ഞെണ്ടിന് കൂടുതൽ ഇറച്ചി ഉണ്ടാവുക. നിലാവുള്ളപ്പോൾ ഞെണ്ട് അപൂർവമായി മാത്രമേ ഇരപിടിക്കാൻ ഇറങ്ങുകയുള്ളൂ എന്നും അതുകൊണ്ടാണ് ശുക്ലപക്ഷത്തിൽ ഇവയ്ക്ക് ഇറച്ചി കുറയുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
മത്സ്യങ്ങളെ കൂടാതെ ഭക്ഷ്യയോഗ്യമായി ചാലിയാറിൽ സുലഭമായുള്ളത് എരുന്ത്, (ഇളമ്പക്ക, കക്ക) ആണ്. പുഴയുടെ എല്ലാ ഭാഗത്തും എല്ലാ കാലത്തും എരുന്തുണ്ടാകുമെങ്കിലും ഓരുവെള്ളം (ഉപ്പുവെള്ളം) ഉള്ളപ്പോഴാണ് എരുന്തിന് കൂടുതൽ രുചി ഉണ്ടാവുക. കൈകൊണ്ടും ഒരുതരം ചെറിയ വല (മാൽ) ഉപയോഗിച്ചും എരുന്ത് വാരാറുണ്ട്. ചാലിയാറിൽ കൂടുതലായി കാണപ്പെടുന്ന മറ്റൊരു ജീവി ആമയാണ്. കാഞ്ഞിപ്പോത്ത് എന്നറിയപ്പെടുന്ന ഒരു ജീവിയെയും പുഴയിൽ കാണുന്നു. വെള്ളത്തിനു മുകളിൽ ഒരു പാടപോലെ പരന്നു കിടക്കുന്ന ജീവികളുടെ സമൂഹമാണ് കാഞ്ഞിപ്പോത്ത്. ഇവയ്ക്ക് ചുറ്റും ഒരുതരം നാരുകൾ പരന്നു കിടക്കുന്നു. ഇത് ഇവയുടെ സുരക്ഷാ കവചമാണ്. ശക്തിയുള്ള ഒരു ആസിഡ് പോലെയാണ് ഈ ദ്രാവകം. മുറിച്ചുമാറ്റിയ മുള വീണ്ടും മുളക്കാതിരിക്കുവാൻ അതിന്റെ കുറ്റിയിൽ ഈ ദ്രാവകം തേക്കാറുണ്ട്. ദിവസങ്ങൾക്കകം മുളങ്കുറ്റി കരിഞ്ഞുപോകും. ഈ ദ്രാവകം ദേഹത്ത് പറ്റിയാൽ ചൊറിച്ചിൽ അനുഭവപ്പെടും.
കറുത്ത നിറത്തിൽ ചെറിയൊരുതരം ഞണ്ടിനെ പുഴയരികിൽ സുലഭമായി കാണാറുണ്ട്. "കുറുക്കൻ ഞണ്ട്'എന്നാണ് ഇതിന് പേര്. ഈ ഞണ്ടിൽ നിന്നും എടുക്കുന്ന എണ്ണ ചെവി വേദനയ്ക്കുള്ള വിശേഷപ്പെട്ട മരുന്നാണെന്ന് പറയപ്പെടുന്നു.
കരയിൽ കാണുന്ന മിക്കവാറും എല്ലാ പാമ്പുകളും പുഴയിലുമുണ്ട്. ഇതുകൂടാതെ ചേറ്റുപാമ്പ് എന്നറിയപ്പെടുന്ന ചേറ്റാരൽ പുഴയിൽ കാണുന്ന ഒരു ജീവിയാണ്. നീർക്കാക്ക, എരണ്ട, കൊക്ക്, (കൊറ്റി) എന്നീ പക്ഷികൾ പുഴയിലും ചുറ്റുപാടും കണ്ടുവരുന്നുണ്ട്. നീർനായ അപൂർവമാണെങ്കിലും ഇല്ലാതായിട്ടില്ല. കുറുക്കന്റെ രൂപത്തിലുള്ള ഈ ജീവികൾ പുഴയിൽ നിന്ന് ഞെണ്ടിനെ പിടിച്ചു തിന്നുന്ന കാഴ്ച വല്ലപ്പോഴും ഉണ്ടാകുന്ന ഒന്നാണ്. പുഴവെള്ളത്തിൽ പലതരത്തിലുള്ള കായ്കളും ഇലകളും ഒഴുകി വരും. കാട്ടുജാതിക്ക, ജാതിപത്രി, കമട്ടി കായ്, പനന്തേങ്ങ എന്നിവ ഇവയിൽ ചിലതാണ്. മലമ്പ്രദേശങ്ങളിലും കാടുകളിലും വളരുന്ന ചിലയിനം മരങ്ങൾ പുഴവക്കിൽ വളരുന്നു. മലയിൽ നിന്നും ഒലിച്ചു വരുന്ന വിത്തുകൾ മുളച്ചുണ്ടാവുന്ന ഇവയിൽ പലതിൻ്റെയും പേര് പുഴയോരത്ത് താമസിക്കുന്നവർക്ക് പോലും അറിയില്ല. . പാലി എന്നൊരു മരം ചാലിയാറിൻ്റെ തീരത്ത് അപൂർവ്വമായി കാണപ്പെടുന്നുണ്ട്. ഈ മരമാണ് ഉരുവിന് പായയുടെ തണ്ടായി ഉപയോഗിക്കുന്നത്.
വെള്ളപ്പൊക്കം
ചാലിയാറിൽ എല്ലാ വർഷവും വെള്ളം കയറാറുണ്ടെങ്കിലും വീടൊഴിച്ചു പോകേണ്ട തരത്തിലുള്ള ശക്തമായ വെള്ളപ്പൊക്കം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. എങ്കിലും പുഴയോരവാസികളായ കാരണവന്മാരുടെ ഓർമ്മയിൽ ഓർമ്മപ്പെടുത്തുന്ന ചില വെള്ളപ്പൊക്കങ്ങൾ ഉണ്ട്. പറമ്പുകളിലും മുറ്റത്തും വെള്ളം നിറഞ്ഞാലും വെള്ളം ഇറങ്ങുമെന്ന വിശ്വാസത്തിൽ അവർ കഴിഞ്ഞുകൂടും. പോക്കു വരവിന് തോണികൾ ഉപയോഗിക്കും. നിവൃത്തിയില്ലാത്ത ഘട്ടത്തിലാണ് വീടൊഴിഞ്ഞു പോകുന്നത്. നനഞ്ഞാലും വലിയ കേടൊന്നും പറ്റാത്ത വലിയ വീട്ടുപകരണങ്ങൾ വീട്ടിൽ തന്നെ കെട്ടിയിടും. കട്ടിലും മേശയും അലമാരയും മറ്റും ഇങ്ങനെ ഒലിച്ചുപോകാതിരിക്കാനായി കെട്ടിയിടും. വാതിലുകളും ജനലുകളും അഴിച്ചുമാറ്റി കഴുക്കോലുകളിൽ കയറ്റി വെക്കും. വാതിലുകൾ തുറന്നിടുകയാണ് ചെയ്യുക. വെള്ളത്തിന്റെ ഒഴുക്കിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ അത് വീടിൻ്റെ ഭിത്തികളെ ബാധിക്കാതിരിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്. വീടിന് കേടുപാടുകൾ സംഭവിക്കാതിരിക്കുവാനാണ് വാതിൽ തുറന്നിടുന്നത്. ആ കാലത്ത് സർക്കാർ വക ദുരിതാശ്വാസ ക്യാമ്പുകളും മറ്റും ഉണ്ടായിരുന്നില്ല. വാടകയ്ക്ക് എടുക്കുന്ന തോണികളിൽ കൂട്ടത്തോടെ സമീപ പ്രദേശങ്ങളിലുള്ള ബന്ധു വീടുകളിലാണ് അവർ അഭയം തേടുന്നത്. മൂന്നും നാലും ദിവസങ്ങൾ കഴിഞ്ഞ് വെള്ളം ഇറങ്ങി എന്ന് ബോധ്യമായാൽ മാത്രമാണ് അവർ വീടുകളിൽ തിരിച്ചെത്തുന്നത്.
തോണി
തോണി യാത്ര നമുക്കിന്ന് നഷ്ടപ്പെട്ടുകഴിഞ്ഞ അനുഭവമാണ്. ചാലിയാറിൽ ഇന്ന് കടവുകൾ വളരെ കുറവാണ്. ഊർക്കടവിലും അറപ്പുഴയിലും പാലങ്ങൾ വന്നതോടെ ഇവയുടെ എണ്ണം വീണ്ടും കുറഞ്ഞു. കടത്തുതോണിയുടെ ഒരു പ്രത്യേകത, അക്കരെ കടന്ന ദിവസം തന്നെ തിരിച്ചു ഇക്കരെക്കും വരികയാണെങ്കിൽ മടക്കയാത്രയ്ക്ക് കാശ് വേണ്ടെന്നുള്ളതാണ്. പുഴയുടെ അക്കരെ കടത്തിയാൽ തിരിച്ച് ഇക്കരെ എത്തിക്കേണ്ടത് കടത്തുകാരന്റെ ചുമതലയാണെന്ന ഒരു നാടൻ തത്വം ഇതിന് പിന്നിലുണ്ട്. ആദ്യകാലത്ത് വിവാഹഘോഷയാത്രയ്ക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും തോണികൾ ധാരാളമായി ഉപയോഗിച്ചിരുന്നു. പുഴയോരവാസികൾക്ക് വർണ്ണശബളമായ ഇത്തരം യാത്രകൾ അന്ന് നയനാനന്ദകരമായ കാഴ്ചയായിരുന്നു. . യാത്രക്ക് ഉപയോഗിക്കുന്ന കടത്തുതോണിയെ കൂടാതെ മീൻ പിടിക്കുവാൻ ഉപയോഗിക്കുന്ന ചൂണ്ടത്തോണി, മണ്ണു കൊണ്ടുപോകുവാൻ ഉപയോഗിക്കുന്ന മൺതോണി, മരപ്പലകകളും മറ്റു ചരക്കുകളും കൊണ്ടുപോകുന്ന നമ്പർ തോണി, ലൈസൻസുള്ള തോണി, സീമർ (സ്റ്റീമർ ) ബോട്ട് എന്നിവയും ചാലിയാറിൽ ഒരു കാലത്ത് സുലഭമായിരുന്നു. എഞ്ചിൻ ഘടിപ്പിച്ച വഞ്ചി, കെട്ടുതോണി, ചൂടി കൊണ്ട് വരിഞ്ഞുകെട്ടിയ തോണി എന്നിങ്ങനെ പലതരം തോണികളും പഴയകാലത്തുണ്ടായിരുന്നു. ഫറോക്കിൽ നിന്ന് മാവൂർ ഗ്വാളിയോർ റയോൺസിലേക്ക് പണ്ട് ബോട്ട് സർവീസ് ഉണ്ടായിരുന്നു. പിന്നീട് വാഹനസൗകര്യങ്ങൾ വേണ്ടത്ര ആയപ്പോൾ അത് നിർത്തലാക്കി. വലിയ മരങ്ങൾ കൂട്ടിക്കെട്ടി ഉണ്ടാക്കുന്ന ചങ്ങാടം ചാലിയാറിലെ പതിവ് കാഴ്ചയായിരുന്നു. കല്ലായിലെ മരവ്യവസായ കേന്ദ്രത്തിലേക്ക് നിലമ്പൂർ കാടുകളിൽ നിന്ന് കൊണ്ടുവരുന്ന മരങ്ങൾ ചങ്ങാടം കെട്ടിയാണ് കൊണ്ടുപോയിരുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ട മരങ്ങൾ തന്നെ വാഹനമാകുന്നതാണ് ഇതിന്റെ പുതുമ. ഏത് പ്രദേശത്തേക്കും ലോറിയിൽ സാധനങ്ങൾ എത്തിക്കാവുന്ന അവസ്ഥ വന്നതോടെ ചങ്ങാടം എന്ന ഗതാഗത സമ്പ്രദായം വിസ്മൃതമായി. ഇന്ന് മീൻ പിടിക്കാൻ പോകുന്നവരുടെ തോണിയും, വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ബോട്ടുകളും മാത്രമാണ് ചാലിയാറിൽ ഉള്ളത്.
തോണി നിർമ്മാണം
വൈദഗ്ധ്യം നേടിയ ആശാരിമാർ പല ദിവസങ്ങളിൽ ജോലി ചെയ്താണ് തോണി നിർമ്മിക്കുന്നത്. മരുത് എന്ന വൃക്ഷത്തിൻ്റെ തടിയാണ് തോണി നിർമ്മാണത്തിന് കൂടുതലായി ഉപയോഗിക്കുന്നത്. തേക്ക് മരവും ഉപയോഗിക്കാറുണ്ട്. ആണികൾ തുരുമ്പിക്കാതിരിക്കുന്നതിനു വേണ്ടി വർഷത്തിൽ ഒന്നോ രണ്ടോ തവണ തോണിക്ക് എണ്ണ കൊടുക്കാറുണ്ട്. മീനെണ്ണയാണ് ഇതിന് സാധാരണയായി ഉപയോഗിക്കുന്നത്. ഇതിൻ്റെ കൂടെ പന്തം എന്ന പേരുള്ള ഒരു പശ കൂടി ഉപയോഗിക്കും. പൈൻ മരത്തിൻ്റെ കറയാണ് പന്തം. തോണിയിൽ ഉണ്ടാകുന്ന സുഷിരങ്ങളും മറ്റും അടയ്ക്കുവാൻ സിൽവി എന്നൊരു പശയും ഉപയോഗിക്കാറുണ്ട്. ഇത് അങ്ങാടിയിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ്.
മണൽ
ചാലിയാറിൻ്റെ തീരത്തെ പല കുടുംബങ്ങളുടെയും നിത്യവൃത്തി കഴിഞ്ഞിരുന്നത് മണൽ വാരൽ കൊണ്ടായിരുന്നു. വളരെ കായിക അധ്വാനം ആവശ്യമുള്ള ഒരു തൊഴിലാണ് മണൽ വാരൽ. തുടക്കക്കാർക്ക് പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ജോലിയാണത്. വേലിയിറക്ക സമയത്ത്, മിക്കവാറും പുലർച്ചെ നാലുമണി സമയത്ത് കൂട്ടത്തോടെ തോണികളിലെത്തി മണൽ വാരാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് കുറ്റിനാട്ടി മുങ്ങി, കുറ്റിയിൽ നിന്നു കൊണ്ട് മണൽ വാരി ഉയർന്ന് തോണികളിൽ നിറയ്ക്കുകയാണ് ചെയ്യുക. പിന്നീട് തോണിയിലിരുന്നു തന്നെ മണൽ വാരാൻ കഴിയുന്ന ഉപകരണങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ദശകങ്ങളായി മണൽ വാരലിന് നിരോധനം നില നിൽക്കുന്നത് കൊണ്ട് ഈ തൊഴിൽ മേഖല ഇപ്പോൾ ഇല്ലതായിരിക്കുന്നു.
വാമൊഴി
പുഴയെയും പുഴയുടെ സ്വഭാവങ്ങളെയും സംബന്ധിക്കുന്ന നിരവധി വാക്കുകളും ശൈലികളും ചാലിയാറിൻ്റെ തീരത്ത് വസിക്കുന്നവർക്കിടയിലുണ്ട്. വേലിയേറ്റം, വേലിയിറക്കം എന്നിവയെ കുറിക്കുവാൻ "വെള്ളം വേലി" " വെള്ളം ഇറക്കം" എന്നീ പദങ്ങളാണ് അവർ ഉപയോഗിക്കുന്നത്. വേലിയേറ്റത്തിൻ്റെ ആരംഭ സമയത്തിന് "കുളുപ്പ് "എന്നും വേലിയേറ്റത്തിൻ്റെ പൂർണ്ണമായ നിറവിന് "നിറവ്" എന്നും പറയുന്നു. "തക്കം" എന്നത് വിവിധ കാര്യങ്ങൾക്ക് അനുയോജ്യമായ സമയമാണ്. കാലവർഷത്തിലെ ആദ്യത്തെ മഴ കഴിഞ്ഞാലുള്ള അവസ്ഥയെ "പുതുക്ക്" എന്നാണ് പറയുന്നത്. പുതുക്കിൽ മീനുകൾ കയറുമെന്ന് അവർ പറയും. മീൻ വെട്ടുക, മീൻ പുളക്കുക എന്നെല്ലാം പറയുന്നത് പുഴയുടെ മുകളിലേക്ക് മീനുകൾ കൂട്ടത്തോടെ തള്ളുന്നതിനെയാണ്. ഉള്ളൂര് എന്നത് പുഴയുടെ ഏതെങ്കിലും വശത്തേക്ക് കയറി നിൽക്കുന്ന വെള്ളമുള്ള സ്ഥലത്തെ കുറിക്കുന്നു. ഇത്തരം സ്ഥലങ്ങൾ അടുപ്പിച്ച് അടുപ്പിച്ച് വരുമ്പോൾ പുഴയുടെ ഏക്കവും പൊക്കവും ഉള്ള സ്ഥലം എന്ന് പറയുന്നു. കൊങ്ങം വെള്ളം എന്നത് വെള്ളപ്പൊക്കത്തെ കുറിക്കുന്നു. "തെരപ്പക്കാരന്റെ കുപ്പായം പോലെ" എന്നൊരു പ്രയോഗമുണ്ട്. ഇസ്തിരിയിടാത്ത, ചുളിഞ്ഞ ഷർട്ട് ധരിക്കുന്നവരെ പരിഹസിക്കുവാനാണ് ഇങ്ങനെ പറയുന്നത്. ചങ്ങാടത്തിൽ യാത്ര ചെയ്യുമ്പോൾ അവരുടെ വസ്ത്രങ്ങൾ ചുരുട്ടിക്കൂട്ടി കവറിൽ സൂക്ഷിക്കുകയാണ് ചെയ്യുക. പിന്നീട് ഇത് ധരിക്കുമ്പോൾ നിറയെ ചുളിവുകളായിരിക്കും. അതുകൊണ്ടാണ് ചുളിഞ്ഞതും അഴുക്ക് പുരണ്ടതുമായ ഷർട്ട് ധരിക്കുന്നവരെ പരിഹസിക്കുവാൻ ഈ ശൈലി പ്രയോഗിക്കുന്നത്.
ഓർമ്മകൾ
പുഴയോരത്ത് താമസിക്കുന്നവർക്ക് അവരുടെ ഈടുവെപ്പുകളായി പുഴ കനിഞ്ഞു നൽകുന്ന ഓർമ്മകൾ നിരവധിയാണ്.
രാവിൻറെ സാന്ദ്ര നിശബ്ദതയെ മൃദുവായി നോവിക്കുന്ന ഓളങ്ങളുടെ നനുത്ത ശബ്ദം.
ദൂരെ നിന്ന് കേൾക്കുന്ന ജീവിതതാളത്തിൻെറെ ധ്വനികൾ....
നരിമീൻ പിടുത്തക്കാരുടെ താളം മുട്ട്
മണൽ വാരുന്നവരുടെ നാട്ടു വർത്തമാനങ്ങൾ...
പുറത്ത് ഉണർന്നിരിക്കുന്ന ഒരുപാട് പേരുണ്ടെന്ന ധൈര്യം പകർന്ന് ശാന്തമായ ഉറക്കത്തിന് തുണയാകുന്ന ശബ്ദവീചികൾ.
പുഴയിലൂടെ ഒഴുകി വരുന്ന കമ്മട്ടിക്കായ മണ്ണെണ്ണയിൽ മുക്കി കത്തിച്ച് തട്ടിക്കളിച്ചിരുന്ന നടവഴികളിൽ കാഞ്ഞിപ്പോത്തിനെ പിടിച്ചിട്ട് അതിൽ വഴുതി വീഴുന്നവരെ കളിയാക്കി ചിരിച്ചിരുന്ന അല്ലലുകളില്ലാത്ത കുട്ടിക്കാലം. ചൂണ്ടയിൽ പ്രതീക്ഷിച്ചതിലും വലിയ മീൻ കൊളുത്തുമ്പോഴത്തെ സന്തോഷാതിരേകം.
പുഴയിൽ വെള്ളം കയറിയാൽ വീട്ടു മുറ്റത്ത് വരെ തോണി എത്തുന്നതിൻ്റെ നനവാർന്ന ഓർമ്മ.
നീന്തൽ പഠിക്കുമ്പോൾ വെള്ളത്തിൽ മുങ്ങിയതിൻ്റെ അസ്വാസ്ഥ്യമുണർത്തുന്ന ഓർമ്മ.
പുഴയിലൂടെ ഒഴുകി വരുന്ന ജീർണിച്ച ജഡം കണ്ട ഭീതിയുടെ ഓർമ്മ.
നിലയ്ക്കാത്ത ഓർമ്മകളുടെയും കാഴ്ചകളുടെയും നാട്ടറിവുകളുടെയും മഹാപ്രവാഹമായി ഈ പുഴ ഒഴുകിക്കൊണ്ടിരിക്കുന്നു
അറിവുകൾക്ക് കടപ്പാട്
1. ശ്രീ.ആർ.മുഹമ്മദ്, കടവന്താഴത്ത്, വാഴയൂർ
2.ശ്രീ.പെരവൻ പാലത്ത് പുറത്ത്, വാഴയൂർ
3.സ്രീ.കുഞ്ഞുമുഹമ്മദ്, കോടമ്പുഴ, ഫാറൂഖ് കോളേജ്
4. ശ്രീ.അവ്ദുൽഖാദർ, തയ്യിൽ, കോടമ്പുഴ
5.ശ്രീമതി.സുനില എം എം, ഫാറൂഖ് കോളേജ്
Huai Smart watch with fitness tracker, now 42 % discount at Amazon




Comments
Post a Comment